ഇന്ത്യ വിട്ട് ഇനിയൊരു മടങ്ങിപോക്കില്ല; എല്ലാം ഒന്നില്‍ നിന്നു തുടങ്ങണമെന്ന് അഫ്ഗാന്‍ സിഖ് അഭയാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാന്റെ കീഴില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവരുടെ ഭാവി ആശങ്കയില്‍. തീവ്രവാദികളുടെ ക്രൂരതയില്‍ നിന്നും രക്ഷപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെങ്കിലും, ഇത്രനാള്‍ കെട്ടിപ്പടുത്തതെല്ലാം ഉപേക്ഷിച്ചു പോന്നതിന്റെയും, എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണ്ടേതിന്റേയും ആശങ്കയാണ് രക്ഷപ്പെട്ട് എത്തിയ അഫ്ഗാന്‍ സിഖ് അഭയാര്‍ത്ഥികളില്‍.

അതേസമയം, ആഗസ്ത് 24ന് കാബൂളില്‍ നിന്ന് ഇന്ത്യ രക്ഷിച്ചുകൊണ്ടുവന്ന 74 അഫ്ഗാന്‍ സിഖ് അഭയാര്‍ഥികള്‍ ഡല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കി രോഗമില്ലെന്ന് ഉറപ്പിച്ചു. താലിബാനില്‍ നിന്ന് രക്ഷപ്പെട്ട് ഡല്‍ഹിയിലെത്തി. പക്ഷേ, എങ്ങനെ ഇനി ജീവിതം മുന്നോട്ടുകൊണ്ടുപോകും, അറിയില്ല. ബിസിനസോ തൊഴിലോ വ്യാപാരമോ… എന്തായാലും ഇന്ത്യയില്‍ ഇവ ഒന്നില്‍ നിന്ന് തുടങ്ങണം, ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അവര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ തന്നെ പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമം തുടങ്ങണമെന്നും, ജീവനോപാധി കണ്ടെത്തണം. കുട്ടികളെ പഠിപ്പിക്കണം… എങ്ങനെയും ജീവിതം ശരിയായ ട്രാക്കില്‍ എത്തിക്കാമെന്ന് ആശ്വസിക്കുമ്പോഴും പലരുടെയും ഉറ്റവരും ഉടയവരും ഇനിയുമുണ്ട് അഫ്ഗാനില്‍. അവരെയോര്‍ത്ത് ആശങ്കപ്പെടുകയാണ് ഇവര്‍.