ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ‘ഹരിത’യുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയച്ചതിനെ തുടര്‍ന്നാണ് വനിതാ വിഭാഗമായ ‘ഹരിത’യുടെ സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടിരിക്കുന്നത്.

എംഎസ്എഫ് നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ട പാര്‍ട്ടി അംഗങ്ങള്‍ വനിതാകമീഷനില്‍ പരാതി നല്‍്കിയതിനെ തുടര്‍ന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്റേതാണ് തീരുമാനം.

കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു. 2018 ല്‍ രൂപീകരിച്ച നിലവിലെ ഹരിത കമ്മിറ്റി കാലഹരണപ്പെട്ടതാണ്. ഒരു വര്‍ഷം മാത്രമാണ് കമ്മിറ്റിയുടെ കാലാവധി. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും സലാം പറഞ്ഞു.

വനിതാ കമീഷനു നല്‍കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം പലവട്ടം ആവശ്യപ്പെട്ടിട്ടും ഹരിതാ നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹരിത പിരിച്ചുവിടാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.