ന്യൂഡല്‍ഹി: ഇനിമുതല്‍ 75 വയസ്സോ അതിനുമുകളിലോ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണ്ട. ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരമാണ് ഈ ആനുകൂല്യം.
ഇന്ത്യയില്‍ താമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്, എന്‍ആര്‍ഐക്കാര്‍ക്ക് ഇളവ് ലഭിക്കില്ല, പെന്‍ഷന്‍, പലിശ എന്നീ വരുമാനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഇളവ് ലഭിക്കാന്‍ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കില്‍ നല്‍കണം. പേര്, വിലാസം, പാന്‍ അല്ലെങ്കില്‍ ആധാര്‍, പെന്‍ഷന്‍ പെയ്മെന്റ് ഓര്‍ഡര്‍ നമ്പര്‍(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമില്‍ നല്‍കേണ്ടത്.
മുതിര്‍ന്ന പൗരന്‍ നല്‍കുന്ന വിവരങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകള്‍ക്കാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേണ്‍ നല്‍കണം.
2021 ഏപ്രില്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍വന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവര്‍ഷം (2022-23 അസസ്മെന്റ് വര്‍ഷം)മുതലാണ് ആനുകൂല്യത്തിന് പ്രാബല്യം ലഭിക്കുക.

