ന്യൂഡല്‍ഹി: വ്യാജ കൊവിഡ് വാക്സിനെതിരെ മുന്നറിയിപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഇതിനെ തുടര്‍ന്ന്, കൊവാക്സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്.
വ്യാജവാക്സിനുകള്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തെറ്റാണെന്നും, വ്യാജ വാക്സിന്‍ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും വ്യാജ വാക്സിന്‍ സംബന്ധിച്ച മുന്നറിയിപ്പ് നേരത്തേ ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും നല്‍കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

