നിപ; വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്ച നിർണായകമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്ച നിർണായകം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്.

മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റുവാർഡുകളിലേക്ക് മാറ്റി. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു. പേ വാർഡ് ബ്ലോക്കിൽ താഴെ നിലയിൽ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളിൽ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്തുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യതയും ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തിയിട്ടുണ്ട്. നിപ പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

എൻഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തും. അത് ഒരിക്കൽ കൂടി കൺഫോം ചെയ്യാൻ എൻഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കുന്നതാണ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടൻ മെഡിക്കൽ കോളേജിൽ എത്തുമെന്ന് മന്ത്രി വിശദമാക്കി.

ഐസിയു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കുന്നതാണ്. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തുന്നതാണ്. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജമാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.