മുംബൈ: ഒരു ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങി മാരുതി സുസുക്കി. സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്, എക്‌സ്എൽ 6 എന്നീ മോഡലുകളുടെ പെട്രോൾ പതിപ്പാണ് മാരുതി സുസുക്കി തിരിച്ചുവിളിക്കുന്നതെന്നാണ് ഓട്ടോ കാർ ഇന്ത്യയുടെ റിപ്പോർട്ട്.
1,80,754 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. മോട്ടോർ ജനറേറ്റർ യൂണിറ്റ് (എം.ജി.യു) തകരാറാണ് തിരിച്ചു വിളിക്കാൻ കാരണം. 2018 മേയ് നാലിനും 2020 ഒക്ടോബർ 27-നും ഇടയിൽ നിർമിച്ച വാഹനങ്ങളുടെ മോട്ടോർ ജനറേറ്റർ യൂണിറ്റിലാണ് പ്രശ്‌നം കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം. തകരാർ സൗജന്യമായി പരിഹരിച്ച് നൽകാനാണ് കമ്പനിയുടെ തീരുമാനം.
പ്രശ്‌നമുള്ള വാഹന ഉടമയ്ക്ക് അടുത്തുള്ള അംഗീകൃത മാരുതി വർക്ക്ഷോപ്പുകളിൽനിന്ന് അറിയിപ്പ് ലഭിക്കും. 2021 നവംബർ മുതലായിരിക്കും തകരാറുള്ള ഘടകം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുക. തകരാർ പരിഹരിക്കുന്നതുവരെ ഈ പ്രത്യേക യൂണിറ്റുകളുടെ ഉടമകളോട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വാഹനമോടിക്കരുതെന്നും ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് തകരാർ കാരണമാകുമെന്നാണ്? മാരുതി എഞ്ചിനീയർമാർ കണ്ടെത്തിയിരിക്കുന്നത്. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അംഗീകൃത സർവ്വീസ് സെന്ററുകളിൽ നിന്ന് ബന്ധപ്പെടും. മോട്ടോർ ജനറേറ്റർ യൂണിറ്റ് പരിശോധിക്കുകയും തകരാറുകൾ ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യുമെന്നും ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ വാഹനം തിരിച്ചുവിളിയിൽ ഭാഗമാണോ എന്ന് ഉടമകൾക്ക് മാരുതി സുസുക്കി വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്ത് പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. മോഡലിന്റെ ഷാസി നമ്പർ (MA3, അതിനുശേഷം 14 അക്ക ആൽഫ-സംഖ്യാ കോഡ്) നൽകിയാൽ വിവരം അറിയാം.

