മെഗാസ്റ്റാര്‍ മമ്മൂട്ടി എഴുപതിന്റെ നിറവില്‍! ഇച്ചാക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍, വിശ്വസിച്ചില്ലെന്ന്‌ ഉലക നായകന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് എഴുപതിന്റെ നിറവില്‍. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

സൂപ്പര്‍താരം മോഹന്‍ലാലിന്റെയും ഉലകനായകന്‍ കമല്‍ഹാസന്റെയും ആശംസകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഞാന്‍ മമ്മൂക്കയെ പണ്ടേ വിളിക്കാറ് ‘ഇച്ചാക്ക’ എന്നാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ വിളിക്കുന്ന പേരുതന്നെ ഞാനും വിളിച്ചു. കല്യാണം കഴിഞ്ഞപ്പോള്‍ ചേച്ചിയെ ‘ഭാഭി’ എന്നും. പലപ്പോഴും ഞാന്‍ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്നു പറയാം എന്ന് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.

മാത്രമല്ല, ആ വാത്സല്യത്തിന്റെ തണലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നൊരു അനുജന്‍ മാത്രമാണു ഞാന്‍. നാളെ ഞാന്‍ എന്താകുമെന്നെനിക്കറിയില്ല. ഇതുതന്നെയാണോ എന്റെ നിയോഗം എന്നും എനിക്കറിയില്ല. പക്ഷേ ഇച്ചാക്കയുടെ നിയോഗം ഒന്നു മാത്രമാണ്. നടന്‍, നടന്‍, നടന്‍. നാളെയും അതിനപ്പുറവും അതു മാത്രമാകും എന്റെ ഇച്ചാക്കയെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ല എന്നായിരുന്നു വീഡിയോയില്‍ കമല്‍ഹാസന്‍ പറഞ്ഞത്.

മമ്മൂട്ടി സാറിന് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. കാരണം ഞാന്‍ എന്റെ പ്രായം ഉള്ള. അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റര്‍ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു, ക്ഷമിക്കണം, വയസ്സ് കൂടിയാലും ഞാന്‍ വന്നതിന് ശേഷം സിനിമയില്‍ വന്നതുകൊണ്ട് എന്റെ ജൂനിയര്‍ എന്ന് പറയാം. അത് മാത്രമല്ല, കണ്ണാടിയില്‍ നോക്കിയാലും എന്റെ വയസ്സോ, അതില്‍ കുറവുള്ളതോ, അതേ തോന്നൂ, പ്രേക്ഷകര്‍ക്കും എനിക്കും’ കമല്‍ഹാസന്‍ പറഞ്ഞു.

ഈ യൗവനം ഈ ഊര്‍ജം എല്ലാം മുന്നോട്ട് കൊണ്ടു പോവൂ. ഒരു മുതിര്‍ന്ന പൗരന് മറ്റൊരു മുതിര്‍ന്ന പൗരനില്‍ നിന്ന് എല്ലാ ആശംസകളും. ‘ എന്നു പറഞ്ഞാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.