ആഢംബര ജീവിതത്തിനായി വമ്പന്‍ തട്ടിപ്പുകള്‍, നടി ലീന മരിയ പോള്‍ വീണ്ടും പൊലീസിന്റെ പിടിയില്‍

ന്യൂഡല്‍ഹി: നടി ലീന മരിയ പോളിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

നേരത്തെ, ഇതേ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണ് സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.

കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും, വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

മാത്രമല്ല, എഐഎഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിന് ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസും നിലനില്‍ക്കുന്നുണ്ട്.