തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് നല്‍കുന്നതിന് സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താന്‍ ഒരുങ്ങുന്നു. 1973 ലെ ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന ഹൈക്കോടതി രജിസ്റ്റ്രാറുടെ ശുപാര്‍ശയെ തുടര്‍ന്നാണു നിയമനിര്‍മ്മാണത്തിനു മന്ത്രിസഭ തീരുമാനിച്ചത്.
69, 91 വകുപ്പുകളിലാകും ഭേദഗതി. ഹാജരാകുന്നതിനു സാക്ഷികള്‍ക്കു തപാല്‍ വഴി സമന്‍സ് അയയ്ക്കുന്നതുമായി ബന്ധപ്പെട്ടും, വ്യക്തികളില്‍ നിന്നു കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ഹാജരാക്കുന്നതിന് അറിയിപ്പു നല്‍കുന്നതുമായി ബന്ധപ്പെട്ടുമാണ് ക്രിമിനല്‍ നടപടി സംഹിതയിലെ വകുപ്പുകള്‍. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് അയയ്ക്കണമെങ്കില്‍ നിയമ നിര്‍മ്മാണം വേണം.
സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സമന്‍സ് അയയ്ക്കുന്ന സംവിധാനമുണ്ടായാല്‍ മേല്‍വിലാസത്തിലെ പ്രശ്നം മൂലം സമന്‍സ് മടങ്ങുന്ന പ്രശ്നത്തിനു പരിഹാരമാകും. തപാല്‍ മുഖേന സമന്‍സ് അയയ്ക്കുന്നതിനുള്ള സമയ നഷ്ടവും പരിഹരിക്കപ്പെടും. സി.ആര്‍.പി.സിയുടെ 69, 91 വകുപ്പുകളില്‍ ഭേദഗതി വരുത്തിയാലേ നടപ്പാകൂ എന്നതിനാലാണ് നിയമനിര്‍മാണ തീരുമാനം.

