തിരുവനന്തപുരം: അഞ്ച് കശ്മീർ സ്വദേശികൾ അറസ്റ്റിൽ. വ്യാജ ലൈസൻസുള്ള തോക്കുകളുമായാണ് കശ്മീർ സ്വദേശികൾ അറസ്റ്റിലായത്. കരമന പൊലീസാണ് കശ്മീർ സ്വദേശികളെ അറസ്റ്റ് ചെയ്തത്. എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന വാഹനത്തിന് അകമ്പടി പോകുന്ന രജൗരി ജില്ലയിൽ നിന്നുള്ള ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസൽമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ എല്ലാവർക്കും 20 നും 25 നും ഇടയിലാണ് പ്രായം. ഇവരെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.
നിറമൺ കരയിലെ താമസ സ്ഥലത്ത് വെച്ചാണ് പോലീസ് അഞ്ചുപേരെയും കസ്റ്റഡിയിൽ എടുത്തത്. ഓഗസ്റ്റ് 3 നാണ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലെ ഈ അഞ്ച് ജീവനക്കാരെക്കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചത്. ഇവരുടെ കയ്യിലുള്ള അഞ്ച് ഡബിൾ ബാരൽ തോക്കുകൾക്ക് ലൈസൻസുണ്ടോ എന്നറിയാൻ വേണ്ടി പോലീസ് രജൗരി ജില്ലയിലെ എഡിഎമ്മുമായി ബന്ധപ്പെട്ടു. ഇതോടെയാണ് അഞ്ച് തോക്കുകളും 25 വെടിയുണ്ടകളുമായി ആറുമാസത്തിലേറെയായി ഇവർ തിരുവനന്തപുരത്ത് താമസിച്ചത് വ്യാജ ലൈസൻസുമായാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തതായാണ് വിവരം. വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, ഐഎസ്ആർഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരിൽ നിന്നുള്ള അഞ്ചുപേർ വ്യാജ തോക്കുകളുമായി എത്തിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

