ശബരിമല സ്ത്രീ പ്രവേശനം – പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കൽ; പ്രത്യേക ഉത്തരവുകൾ വേണമെന്ന് കോടതികൾ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം – പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ പ്രത്യേക ഉത്തരവുകൾ വേണമെന്ന് കോടതികൾ. പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ രജിസ്റ്റർ ചെയ്ത 835 കേസുകളിൽ രണ്ടു കേസുകൾ മാത്രമാണ് പിൻവലിക്കാൻ കഴിഞ്ഞത്. ശബരിമല സ്ത്രീപ്രവേശന സമരത്തിൽ രജിസ്റ്റർ ചെയ്ത 1300 ലധികം കേസുകളിൽ എട്ടു കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് ശബരിമല- പൗരത്വ പ്രതിഷേധ കേസുകളുടെ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയാണ് സർക്കാർ കേസു പിൻവലിക്കുന്നതിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് വ്യക്തമായത്. പൗരത്വ സമര കേസുകളിൽ 835 കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും രണ്ടെണ്ണം മാത്രമാണ് പിൻവലിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 1300 ലധികം കേസുകളിൽ ഗുരുതര സ്വഭാവമുള്ള 290 കേസുകൾ ഒഴികെ ബാക്കി കേസുകൾ പിൻലിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. പക്ഷെ എട്ട് കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിക്കാൻ കഴിഞ്ഞത്. കേസുകൾ പിൻവലിക്കാനുള്ള ഉത്തരവുമായി സർക്കാർ അഭിഭാഷകർ കോടതിയെ സമീപിച്ചപ്പോഴാണ് തിരിച്ചടിയുണ്ടായത്. ബഹുഭൂരിപക്ഷ കോടതികളും സർക്കാർ ഉത്തരവ് തള്ളുകയായിരുന്നു. കേസുകൾ പിൻവലിക്കുമ്പോൾ പ്രത്യേകം ഉത്തരവുകളാണ് ഇറക്കുന്നത്.

ഓരോ കേസിന്റെയും നമ്പർ, കേസിന്റെ സ്വഭാവം, പിൻവലിക്കാനുള്ള കാരണം എന്നിവ വിശദമാക്കി ഉത്തരവിറക്കണമെന്നാണ് വ്യവസ്ഥ. ഒറ്റ ഉത്തരവിൽ എല്ലാ കേസുകളും പിൻവലിക്കാനാവില്ലെന്നാണ് കോടതി അറിയിക്കുന്നത്. സർക്കാർ അഭിഭാഷകർ ഇക്കാര്യം ആഭ്യന്തര-നിയമവകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഓരോ കേസും പിൻവലിക്കാൻ പ്രത്യേകം പ്രത്യേകം ഉത്തരവിറക്കേണ്ട സാഹചര്യമാണുള്ളത്. പോലീസ് ആസ്ഥാനത്തും ആഭ്യന്തര വകുപ്പിലുമായി ഓരോ കേസുകളും പരിശോധിച്ച് പിൻവലിക്കൽ ഉത്തരവുകളിറക്കേണ്ട നടപടികൾ സർക്കാർ ആരംഭിച്ചതായാണ് റിപ്പോർട്ട്.