കാബൂൾ വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; ചാവേറുകളെ വധിച്ചതായി അമേരിക്ക

കാബൂൾ: കാബൂൾ വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടത്തി അമേരിക്ക. കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട ചാവേറുകളെ ഡ്രോൺ ആക്രമണം നടത്തി വധിച്ചതായി അമേരിക്ക അറിയിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് അമേരിക്ക കാബൂളിൽ വ്യോമാക്രമണം നടത്തുന്നത്. സ്വയം പ്രതിരോധ നീക്കമാണ് നടത്തിയതെന്നും അമേരിക്ക പറയുന്നു.

അതേസമയം സ്‌ഫോടനം നടന്നത് ജനവാസ മേഖലയിലാണെന്നും ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും കാബൂൾ പോലീസ് വ്യക്തമാക്കുന്നു. ഖാജി ബാഗ്റയിലെ ഗുലൈയിൽ ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാബൂളിൽ വീണ്ടുമൊരു ആക്രമണ സാധ്യതയുണ്ട് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്. 36 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം നടന്നിരുന്നു. നൂറിലധികം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 97 അഫ്ഗാനിസ്താൻ സ്വദേശികളും 19 അമേരിക്കൻ പട്ടാളക്കാരും ഉൾപ്പെടുന്നു. ഇരുന്നൂറോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും അക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.