കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകൾ അടച്ചിടും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് നടപടി. പുതുക്കിയ കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പഞ്ചായത്തുകൾ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. കോഴിക്കോട് ജില്ലയിൽ 3548 പേർക്കാണ് ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. 23.74 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2822 പേരാണ് ജില്ലയിൽ ഞായറാഴ്ച്ച രോഗമുക്തി നേടിയതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
31334 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 92070 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതുവരെ 858129 പേർ നിരീക്ഷണം പൂർത്തിയാക്കി. 2119 മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കണക്കുകളിൽ വിശദമാക്കുന്നു.
അതേസമയം സംസ്ഥാനത്തെ കോവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയത്.
ഓരോ ജില്ലകളിലെയും വാക്‌സിനേഷൻ നില അടിസ്ഥാനമാക്കി മാർഗ നിർദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സെന്റിനൽ, റാൻഡം സാമ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്ത ജില്ലകളിൽ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നതാണ്. ഇവിടങ്ങളിൽ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആന്റിജൻ പരിശോധന നടത്തുന്നതാണ്. കടകൾ, മാളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ട്രാൻസിറ്റ് സൈറ്റുകൾ തുടങ്ങിയ ഉയർന്ന സാമൂഹിക സമ്പർക്കം ഉള്ള ആളുകൾക്കിടയിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാൻഡം പരിശോധനയ്ക്കും ആന്റിജൻ മതിയാകും.
80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്‌സിൻ നൽകിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ പഴയ രീതി തുടരും. രണ്ട് ഡോസ് വാക്‌സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കിൽ റാൻഡം പരിശോധനയിൽ നിന്നും ഒഴിവാക്കും. രണ്ട് മാസത്തിനകം രോഗം സ്ഥിരീകരിച്ചവരേയും ഒഴിവാക്കുന്നതാണ്. ശേഖരിക്കുന്ന സാമ്പിളുകൾ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് ഫലങ്ങൾ എത്രയും വേഗം അപ്ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആന്റിജൻ, ആർ.ടി.പി.സി.ആർ. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്.

