തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ വെട്ടിലാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് 1795 കൊവിഡ് രോഗികള്‍ മരണമടഞ്ഞതായാണ് അവലോകന റിപ്പോര്‍ട്ട് കാണിക്കുന്നത്. ഇതില്‍ 444 പേര് ഹോം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരാണ് എന്നതാണ് ആരോഗ്യവകുപ്പിനെ കൂടുതല്‍ കുരുക്കിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതോടെ ഹോം ഐസൊലേഷനില്‍ കഴിയുന്ന മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികളോട് അടിയന്തിരമായി പരിശോധന നടത്താനും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രമേഹം ഹൈപ്പര്ടെന്ഷന് തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനോട് കുറച്ചു കൂടി സജീവമാകാനും ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും അറിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകള്‍ തുടര്‍ന്നു പോരുന്ന കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നുവെന്നതും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്.

