ന്യൂഡല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ സംഭവത്തില്‍ ന്യായീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച് (ഐ.സി.എച്ച്.ആര്). വരാനിരിക്കുന്ന പോസ്റ്ററുകളില്‍ നെഹ്റുവും ഉള്‍പ്പെടുന്നുണ്ടെന്നും ഇപ്പോഴത്തെ വിവാദത്തില്‍ കഴമ്പില്ലെന്നും ഐ.സി.എച്ച്.ആര് ഡയറക്ടര്‍ ഓംജീ ഉപാധ്യായ് പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികളില്‍ നിന്ന് നെഹ്റുവിനെ ഒഴിവാക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യന്‍ വി.ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തുകയും ചെയ്തത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ആസാദി കാ അമൃത് മഹോത്സവിന്റെ ആദ്യ പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. നിരവധി പോസ്റ്ററുകള്‍ ഇനിയും വരാനുണ്ട്. അവ തയാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റര്‍ മാത്രം കണ്ട് വിമര്‍ശനം ഉന്നയിക്കുന്നത് അപക്വമാണ്. വരുംദിവസങ്ങളിലെ പോസ്റ്ററില്‍ ജവഹര്‍ലാല്‍ നെഹ്റുവും ഉണ്ടാകുമെന്നായിരുന്നു ഓംജീ ഉപാധ്യായുടെ വിശദീകരണം.
മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിലെ ആരുടെയെങ്കിലും പങ്കിനെ ഇകഴ്ത്തിക്കാണിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, ഇപ്പോള്‍ വിമര്‍ശനം നേരിടുന്ന പോസ്റ്റര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗത്തെ മാത്രം കാണിക്കുന്നതാണ്. ചരിത്രപുസ്തകത്തില്‍ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര പോരാളികളെ ഉയര്‍ത്തിക്കാട്ടുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഐ.സി.എച്ച്.ആര് ഡയറക്ടര്‍ അറിയിച്ചു.
ഐ.സി.എച്ച്.ആറിന്റെ പോസ്റ്ററില്‍ പ്രധാനപ്പെട്ട എട്ടു നേതാക്കളില്‍ മഹാത്മാഗാന്ധി, ബി.ആര്. അംബേദ്കര്‍ എന്നിവര്‍ക്കൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യന്‍ വി.ഡി. സവര്‍ക്കറും ഉള്‍പ്പെട്ടിരുന്നു.

