തിരുവനന്തപുരം: മലബാർ കലാപത്തെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പിന്തുണച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി ചരിത്രകാരനും മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി ജനറൽ കൺവീനറുമായ ഡോ.സി.ഐ. ഐസക്ക്. വാരിയംകുന്നനെയും വെള്ളപൂശാനിറങ്ങും മുൻപ് മുഖ്യമന്ത്രി ചരിത്രം പഠിക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലബാർ കലാപം സ്വാതന്ത്ര്യസമരമല്ലെന്ന് വരുത്തിതീർക്കുന്നത് ചരിത്രം അറിയാത്തവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കായിരുന്നു അദ്ദേഹം മറുപടി നൽകിയത്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മാപ്പിളക്കലാപത്തെ കുറിച്ചും വാരിയൻകുന്നനെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാതെയാണ് മുഖ്യമന്ത്രി വ്യാജ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചെന്ന് അംഗീകരിക്കാനും അത് ആഘോഷിക്കാനും 75 വർഷം കഴിയേണ്ടി വന്ന ഒരു പാർട്ടിയുടെ നേതാവിൽ നിന്ന് ഇതേ പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്ത പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകളുടേത്. മാപ്പിളക്കലാപത്തെ കാർഷിക സമരമെന്ന് വിളിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കുറ്റസമ്മതമായി കാണാനാണ് താല്പര്യം. കമ്മ്യൂണിസ്റ്റുകൾക്ക് മാത്രമേ അത്തരം വ്യാഖ്യാനങ്ങൾ നടത്താൻ കഴിയൂവലെന്നും അദ്ദേഹം പരിഹസിച്ചു.
മഹാത്മാ ഗാന്ധിജിയും അംബേദ്കറുമടക്കമുള്ളവർ തള്ളിക്കളഞ്ഞ മാപ്പിളക്കലാപത്തെ വെള്ള പൂശാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസൂത്രിത പ്രചാരണം കൊണ്ട് സാധിക്കില്ല. നിരക്ഷരനായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എഴുതിയ, കത്തും ദേശാഭിമാനിയിൽ വന്ന ചന്ദ്രോത്തിന്റെ ലേഖനവുമാണ് മുഖ്യമന്ത്രിയുടെ ചരിത്ര രേഖ. ചരിത്രത്തെ കുറിച്ച് കേട്ടറിവുള്ളവർക്ക് പോലും പറ്റാത്ത പിഴവുകളാണ് മുഖ്യമന്ത്രി വിളിച്ചു പറയുന്നതെന്നും ഐസക്ക് കൂട്ടിച്ചേർത്തു.