ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം കരസ്ഥമാക്കി രാജ്യം. 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 93.08 ലക്ഷം വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
രാജ്യം സ്വന്തമാക്കിയത് സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വാക്‌സിനേഷൻ സ്വീകരിക്കുന്നവർക്കും വിജയകരമാക്കുന്നവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച്ച ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ വാക്‌സിനേഷൻ സ്വീകരിച്ചത്. 25 ലക്ഷത്തിലധികം പേർ ഉത്തർപ്രദേശിൽ വാക്‌സിനേഷൻ സ്വീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിനേഷൻ നടത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യത്ത് 47.3 കോടി ആളുകൾ ഒരു ഡോസും 13 കോടി പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനകം വാക്സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നു.
ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നടന്നത്. ഓഗസ്റ്റിൽ ഇതുവരെ 15 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ജുലൈയിൽ 13.45 കോടിയും ജൂണിൽ 11.97 കോടി ഡോസ് വാക്‌സിനുമാണ് രാജ്യത്ത് നൽകിയത്. 18 വയസിന് മുകളിൽ പ്രായമുള്ള അമ്പത് ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
