ന്യൂജേഴ്സി: ലോകത്ത് ഏറ്റവും കൂടുതല്‍ ക്യാമറകളുള്ള ഈ നഗരമെന്ന ബഹുമതി സ്വന്തമാക്കി ഡല്‍ഹി. ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ലണ്ടനെയും പല സുപ്രധാന ചൈനീസ് നഗരങ്ങളെയും പിന്തള്ളി ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്.
ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന നഗരം എന്ന ബഹുമതി ഡല്‍ഹി സ്വന്തമാക്കിയത്. ചെന്നൈയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. മുംബൈ പട്ടികയില്‍ 18-ാം സ്ഥാനത്താണ്.
ഷങ്ഹായ്, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നീ വന്‍ നഗരങ്ങളെ പിന്നിലാക്കി ഒന്നാമതെത്തിയതില്‍ നമുക്ക് അഭിമാനിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു. തലസ്ഥാന നഗരത്തില്‍ ക്യാമറ നിരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും കെജ്രിവാള് അഭിനന്ദിച്ചു.

