തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചവരിൽ 95 പേർ മരണപ്പെട്ടതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഒരു ഡോസ് മാത്രമെടുത്ത 546 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ശേഷം മരണത്തിന് കീഴടങ്ങിയവരിൽ കൂടുതൽ പേരും അറുപത് വയസ് കഴിഞ്ഞവരും മറ്റ് രോഗങ്ങൾ ഉള്ളവരുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
4,099 പേർക്കാണ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. 20,313 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ഇതിൽ പതിനയ്യായിരത്തോളം പേരും അറുപതു വയസു കഴിഞ്ഞവരാണ്. പതിനെട്ടിന് താഴെ പ്രായമുള്ളവരാണ് ഏറ്റവും കുറവ്. വാക്സിനെടുത്താലും പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ അത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അധികൃതർ ആശങ്കപ്പെടുന്നു.

