ന്യൂഡൽഹി: പുതിയ ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നു. എ, ഐ ഗ്രൂപ്പുകളിലാണ് അഭിപ്രായ ഭിന്നതയുള്ളത്. അന്തിമ പട്ടികയിൽ കെ.സി.വേണുഗോപാലിന്റെ അപ്രമാദിത്തമാണെന്നു ഗ്രൂപ്പുകൾ ആരോപിച്ചു. ഗ്രൂപ്പുകളുടെ അക്കൗണ്ടിൽ വന്നിരിക്കുന്ന പേരുകളിൽ കെസിയുടെ ഇടപെടലുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.
പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം അറിയിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് പാലോട് രവിയും കൊല്ലത്ത് പി രാജേന്ദ്ര പ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ആലപ്പുഴയിൽ കെ പി ശ്രീകുമാറും കോട്ടയത്ത് ഫിൽസൺ മാത്യൂസും ഇടുക്കിയിൽ എസ് അശോകനും എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരിൽ ജോസ് വള്ളൂരും പാലക്കാട് എ. തങ്കപ്പനും മലപ്പുറത്ത് വി എസ് ജോയിയും കോഴിക്കോട് കെ. പ്രവീൺകുമാറും വയനാട് എൻ ഡി അപ്പച്ചനും കണ്ണൂരിൽ മാർട്ടിൻ ജോർജും കാസർകോട്: പി കെ. ഫൈസലുമാണ് പട്ടികയിലുള്ളത്.

