തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ കിറ്റിനോടൊപ്പം നല്‍കാന്‍ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വിതരണം ചെയ്ത ഖാദി മാസ്‌കില്‍ 90 ശതമാനവും വ്യാജ ഖാദിയാണെന്നു പരിശോധനാ റിപ്പോര്‍ട്ട്. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള കണ്ണൂരിലെ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റി റീജനല്‍ ലാബില്‍ സപ്ലൈകോ നടത്തിയ പരിശോധനയിലാണ് ഖാദി വ്യാജമാണെന്ന് വ്യക്തമായത്. മാസ്‌കുകളില്‍ 10% മാത്രമാണു ഖാദിയെന്നും ബാക്കിയുള്ളവ പോളിസ്റ്റര്‍ അല്ലെങ്കില്‍ മറ്റു തുണിത്തരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഖാദി ബോര്‍ഡില്‍ വിതരണം ചെയ്ത മാസ്‌കില്‍നിന്നു നൂറോളം സാംപിളുകളാണ് സപ്ലൈകോയുടെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പരിശോധനയ്ക്കായി കൈമാറിയത്. ഓരോ കിറ്റിലും രണ്ടു മാസ്‌ക് എന്ന കണക്കില്‍ ആകെ 1.72 കോടി മാസ്‌കിന്റെ ഓര്‍ഡര്‍ ആണ് ഖാദി ബോര്‍ഡിനു ലഭിച്ചത്.
ഫെബ്രുവരിയിലെ കിറ്റില്‍ ഖാദി മാസ്‌കിന്റെ വിതരണം ആരംഭിച്ചെങ്കിലും ഇവ വ്യാജ ഖാദി ആണെന്നും നിലവാരമില്ലെന്നുമുള്ള പരാതികളെ തുടര്‍ന്ന് പിന്നീടു പിന്‍വലിച്ചു. ഇതു സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്.

