ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ കുറിച്ച് നിർണായക കണ്ടെത്തലുകളുമായി ഗവേഷകർ. കോവിഡിന്റെ ഡെൽറ്റാ വകഭേദത്തെ കുറിച്ചാണ് ഗവേഷകർ നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഡെൽറ്റ വകഭേദമാണ് നിങ്ങളെ ബാധിച്ചിട്ടുള്ളതെങ്കിൽ മറ്റു വകഭേദങ്ങൾ ബാധിച്ചാലുള്ളതിനേക്കാൾ 300 ഇരട്ടി വൈറസ് നിങ്ങളുടെ ശരീരത്തിൽ കാണുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ദക്ഷിണ കൊറിയയിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഡെൽറ്റ ബാധിച്ചവരിൽ വൈറൽ ലോഡ് വളരെ കൂടുതലായിരിക്കും എന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒരു മനുഷ്യന്റെ രക്തത്തിൽ ഉണ്ടാകുന്ന വൈറസിന്റെ അളവിനെയാണ് വൈറൽ ലോഡ് എന്നു പറയുന്നത്.
എന്നാൽ, ഇതിനർത്ഥം ഡെൽറ്റ വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്നുള്ളതല്ല. രോഗത്തിന്റെ ആരംഭഘട്ടത്തിൽ വൈറൽ ലോഡ് കൂടുതലാവുമെങ്കിലും അത് ക്രമേണ കുറഞ്ഞുവന്ന് മറ്റ് വകഭേദങ്ങൾക്ക് സമാനമാകും. വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിനേക്കാൾ രണ്ട് ഇരട്ടി മാത്രമാണ് അധിക വ്യാപനശേഷി ഡെൽറ്റയ്ക്കുള്ളത്. കെന്റ് വകഭേദത്തേക്കാൾ 1.6 ഇരട്ടി വ്യാപന ശേഷിയും ഡെൽറ്റയ്ക്കുണ്ട്. വൈറൽ ലോഡ് അധികമാകുമ്പോൾ മറ്റൊരാളിലേക്ക് രോഗം പകരുവാനുള്ള സാധ്യത വർധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ഡെൽറ്റ വകഭേദം ബാധിച്ച 1848 രോഗികളുടെ വൈറൽ ലോഡിനെ മറ്റു വകഭേദങ്ങൾ ബാധിച്ച 22,106 രോഗികളുടെ വൈറൽ ലോഡുമായി താരതമ്യം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. മൂന്ന് ഇരട്ടിയോളം അധികമാകുന്ന വൈറൽ ലോഡ് നാലു ദിവസം കഴിയുമ്പോൾ തന്നെ 30 ഇരട്ടിയായി കുറയുന്നുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു. രോഗം ബാധിച്ച ഉടനെ ചികിത്സ ലഭ്യമാക്കിയാൽ രോഗം കൂടുതൽ ഗുരുതരമാകാതെ സൂക്ഷിക്കാം. രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ പരിശോധന നടത്തണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വന്ന് സുഖം പ്രാപിച്ചവർ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടതായി വന്നാൽ അപകടകരമാം വിധം രക്തം കട്ടപിടിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ രണ്ടിരട്ടിയാണെന്ന് മറ്റൊരു പഠന റിപ്പോർട്ടിലും പറയുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ബിർമ്മിങ്ഹാമിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. അനസ്റ്റേഷ്യ എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 115 രാജ്യങ്ങളിലായി 1,630 ഓളം ആശുപത്രികളിൽ വിവിധ ശസ്ത്രക്രിയയ്ക്ക് വിധേയരായ 1,28,013 പേരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തലുകളുള്ളത്.

