റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും മുന്‍പ് ടോള്‍; കഴക്കൂട്ടം-കോവളം ബൈപ്പാസില്‍ പ്രതിഷേധവുമായി നാട്ടുകാരും യുവജന സംഘടനകളും !

തിരുവനന്തപുരം: റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും മുന്‍പ് ടോള്‍ പിരിച്ചതിന് കഴക്കൂട്ടം-കോവളം ബൈപ്പാസില്‍ പ്രതിഷേധം. യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ സംഘടനകള്‍ സംയുക്തമായാണ് ടോള്‍ പിരിവ് തടഞ്ഞത്.

ബൈപാസില്‍ ഇന്നലെ രാവിലെ എട്ട് മണി മുതല്‍ ടോള്‍ പിരിക്കാന്‍ നാഷണല്‍ ഹൈവെ അതോറിറ്റി ഉത്തരവിട്ടിരുന്നു. അഞ്ച് വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെത്തി തടഞ്ഞത്.

പ്രദേശവാസികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും അനുവദിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

ടോള്‍ പിരിവ് എന്ന ആശയത്തിന് എതിരല്ലെന്നും എന്നാല്‍ 35 വര്‍ഷമായി പ്രദേശത്തെ ജനങ്ങള്‍ ഉപയോഗിക്കുന്ന റോഡിന് ചുറ്റുമുളള ഒന്‍പത് വില്ലേജുകളിലെ സാധാരണക്കാരെ ഈ പ്രശ്നം ബാധിക്കുമെന്നും റോഡ് പണി പൂര്‍ത്തിയായ ശേഷം മാത്രം മതി ടോള്‍ പിരിവെന്നും കോവളം എംഎല്‍എ എം.വിന്‍സന്റ് അറിയിച്ചു.

നിലവില്‍ പുതിയ ഉത്തരവനുസരിച്ച് 285 രൂപ നല്‍കിയാല്‍ പ്രദേശവാസികള്‍ക്ക് ഒരുമാസം യാത്ര നടത്താം. ഫാസ്ടാഗുളള കാറുകള്‍ക്ക് 70 രൂപയാണ് ഒരു ഭാഗത്തേക്ക് മാത്രം നല്‍കേണ്ടത്, ഇല്ലെങ്കില്‍ 140 രൂപയും നല്‍കണം.