മാര്‍ക്സിസ്റ്റ് വിശ്വാസം മുളയിലേ ഉറപ്പിക്കാന്‍ ചൈന; ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി

ബെയ്ജിങ്: രാജ്യത്ത് മാര്‍ക്സിസ്റ്റ് വിശ്വാസം ഉറപ്പിക്കാനായി ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ചൈന. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം.

‘ഷീ ചിന്‍പിങ് ചിന്ത’ എന്നാണ് ഇതു ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും ദേശസ്നേഹം വളര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി.

2012ല്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തെ വ്യവസായം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഷി ചിന്‍പിങ്ങ് പിന്തുടരുന്നത്.