പീഡന കേസ് പരാതി ഒതുക്കാൻ ഇടപെട്ടെന്ന ആരോപണം; എ കെ ശശീന്ദ്രന് ക്ലിൻ ചിറ്റ്

കൊല്ലം: പീഡന കേസ് പരാതി ഒതുക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന് ക്ലിൻ ചിറ്റ് നൽകി പോലീസ്. പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നുമാണ് പോലീസിന്റെ നിലപാട്.

വിഷയം ‘നല്ലരീതിയിൽ’ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ നിർദേശിച്ചതെന്നാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. കൊല്ലം റൂറൽ എസ്പിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. യൂത്ത് ലീഗ് നേതാവായ സഹൽ നൽകിയ പരാതിയിലാണ് പോലീസ് റിപ്പോർട്ട്.

മന്ത്രി പരാതി പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ കേസെടുക്കാൻ പോലീസിനാവില്ല. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.