ടോക്കിയോ പാരാലിമ്പിക്‌സിന് ഇന്ന് തിരിതെളിയും; ചരിത്രത്തിലെ മികച്ച താരങ്ങളുമായി മെഡല്‍ വേട്ടയ്ക്ക് ഇന്ത്യ !

ടോക്കിയോ: ഒളിംപിക്‌സ് പോരാട്ടങ്ങള്‍ക്ക് ശേഷം പാരാലിമ്പിക്‌സ് 2020ന് ടോക്കിയോ വേദിയൊരുക്കുന്നു. ഇക്കുറി 54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആര്‍ച്ചറി, അത്‌ലറ്റിക്‌സ് (ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്), ബാഡ്മിന്റണ്‍, നീന്തല്‍, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക.

2016-ല്‍ റിയോയില്‍ നടന്ന പാരാലിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. പാരാലിമ്പിക്‌സിലെ എറ്റവും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ തവണ റിയോയില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമടക്കം 4 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ എറ്റവും മികച്ച പ്രകടനം. അന്ന് 19 പേരാണ് രാജ്യത്തിനായി മത്സരങ്ങള്‍ക്ക് ഇറങ്ങിയത്.