കാത്തിരിപ്പിന് വിരാമം; കെജിഎഫ് 2 റിലീസ് തിയ്യതി പ്രഖ്യാപിച്ചു, പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഹിറ്റ്

ബോക്‌സോഫീസുകള്‍ തകര്‍ത്തുവാരി സിനിമാപ്രേമികള്‍ക്കിടയില്‍ രോമാഞ്ചമായി മാറിയ കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു. ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

ഇപ്പോഴിതാ, കെജിഎഫ് 2വിന്റെ റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2022 എപ്രില്‍ 14ന് ചിത്രം തിയറ്ററിലൂടെ റിലീസ് ചെയ്യുമെന്നാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നായകനായ യഷ് ആണ് പുതിയ റിലീസ് തിയതി പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. മലയാളത്തില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത പൃഥ്വിരാജും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുളള കഥയാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയം എന്നാണ് അറിയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കെജിഎഫ് 2വിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പലവട്ടം ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരുന്നു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു.