വാരിയംകുന്നത്ത് കേരളത്തിലെ ആദ്യ താലിബാന്‍ തലവന്‍; ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നെന്ന് എ പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ ന്യായീകരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു എന്നും താലിബാനിസം കേരളത്തിലും ആവര്‍ത്തിക്കുമെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.

വാരിയംകുന്നന് സ്മാരകമുണ്ടാക്കുന്നതും സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും, അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇ എം എസിന്റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇഎംഎസ് പറഞ്ഞത് മുസ്‌ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇഎംഎസിന്റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവര്‍ മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മൂന്നംഗ സമിതിയാണ് ശുപാര്‍ശ ചെയ്തത്.

മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമായിരുന്നു സമിതി വിലയിരുത്തിയത്. സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് പുതുക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കും.