കാബൂൾ: 20 വർഷം അഫ്ഗാനിസ്ഥാൻ സൈന്യത്തെ പരിശീലിപ്പിക്കാൻ മാത്രമായി അമേരിക്ക ചെലവിട്ടത് 83 ബില്യൺ ഡോളർ (ഏതാണ്ട് ആറ് ലക്ഷം കോടി രൂപ). ഇത്രയധികം പണം ചെലവഴിച്ച് പരിശീലനം നൽകിയിട്ടും അമേരിക്കൻ നിർമിത അഫ്ഗാൻ സൈന്യം താലിബാനെതിരെ പൊരുതി നിൽക്കാതെ കീഴടങ്ങുകയായിരുന്നു. പല നഗരങ്ങളിലും ഒരു വെടിപോലും ഉതിർക്കാതെയാണ് അഫ്ഗാൻ സൈന്യം കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതോടെ അഫ്ഗാൻ സൈന്യത്തിനായി അമേരിക്ക നൽകിയ കെട്ടിടങ്ങളും വാഹനങ്ങളും ഹെലിക്കോപ്റ്ററുകളും പടക്കോപ്പുകളുമെല്ലാം അനായാസം കയ്യടക്കാൻ താലിബാൻ കഴിഞ്ഞു.
നിരവധി അത്യാധുനിക ആയുധ ശേഖരങ്ങൾ അഫ്ഗാൻ സൈന്യത്തിൽ നിന്നും താലിബാൻ പിടിച്ചടക്കി. പോർവിമാനങ്ങൾ വരെ താലിബാന് സ്വന്തമായാതാണ് വിവരം. വ്യോമമേഖലയിൽ യാതൊരു സ്വാധീനവുമില്ലാതിരുന്ന താലിബാന് ഇതോടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും പോർവിമാനങ്ങളുമെല്ലാം ലഭിച്ചിരിക്കുകയാണ്.
ചെറിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പോലും നടത്താതെ അഫ്ഗാൻ സൈന്യവും പൊലീസും തങ്ങളുടെ ആയുധങ്ങളും വാഹനങ്ങളും മറ്റു സൗകര്യങ്ങളും താലിബാന് മുന്നിൽ അടിയറവെക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിനായി ഏകദേശം 14,500 കോടി ഡോളറാണ് അമേരിക്ക ചെലവിട്ടത്. ഇതിൽ 83 ബില്യൺ ഡോളർ സൈനിക- പോലീസ് സേനകളുടെ നിർമാണത്തിനും പരിശീലനത്തിനും വേണ്ടിയായിരുന്നു. 2001 ഒക്ടോബറിൽ അമേരിക്ക ആരംഭിച്ച യുദ്ധത്തിന് വേണ്ടി ചെലവാക്കിയ 83,700 കോടി ഡോളറിന് (ഏതാണ്ട് 62 ലക്ഷം കോടി രൂപ) പുറമേയായിരുന്നു ഈ തുക.

