ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും ആർട്ടിക്കിൾ 370 ഉം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിഡിപി. സമകാലിക സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നരേന്ദ്ര മോദി കശ്മീരികളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വ്യക്തമാക്കി. അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചടക്കിയതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തും അമേരിക്ക നാറ്റോ സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിച്ചതും ചൂണ്ടിക്കാട്ടിയാണ് മെഹബൂബ മുഫ്തി കേന്ദ്ര സർക്കാരിനെതിരെ വെല്ലുവിളി മുഴക്കിയിരിക്കുന്നത്. കേന്ദ്രം ഇനിയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കുമെന്നുമാണ് മെഹബൂബ മുഫ്തി പറയുന്നത്. കുൽഗാം ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മെഹബൂബ മുഫ്തി ഇക്കാര്യം വെളിപ്പെടുത്തിയത്.

