ന്യൂഡല്‍ഹി: ബാങ്ക് ലോക്കറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ബാങ്കുകള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ആര്‍ബിഐ. ലോക്കറുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കണം. പുതിയ നിര്‍ദേശമനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ലോക്കറുകള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുന്ന രീതിയില്‍ ബാങ്ക് ശാഖകളിലെ ഒഴിവുള്ള ലോക്കറുകളുടെ പട്ടികയും, വെയിറ്റ് ലിസ്റ്റും ബാങ്കിങ് സംവിധാനത്തിലോ ആര്‍ബിഐ അനുവദിക്കുന്ന സൈബര്‍ സുരക്ഷയുള്ള ഏതെങ്കിലും കമ്പ്യൂട്ടര്‍ സംവിധാനത്തിലോ സൂക്ഷിക്കണം.
മാത്രമല്ല, ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലോക്കര്‍ സൗകര്യത്തിനായി അപേക്ഷിക്കാം. കൂടാതെ, ബാങ്കുമായോ മറ്റ് ബാങ്കിംഗ് സംവിധാനങ്ങളുമായോ ബന്ധമില്ലാത്ത ഉപഭോക്താക്കള്‍ക്കും ലോക്കര്‍ സൗകര്യങ്ങള്‍ നല്‍കാം.
എന്നാല്‍ ലോക്കറില്‍ നിയമവിരുദ്ധമോ, അപകടകരമോ ആയ യാതൊരു വസ്തുക്കളും സൂക്ഷിക്കുന്നില്ലെന്ന് ബാങ്ക് ഉറപ്പു വരുത്തണം. അത്തരത്തില്‍ സംശയകരമായ സാഹചര്യമുണ്ടായാല്‍ ഉപഭോക്താവിനെതിരെ ബാങ്കിന് നടപടി സ്വീകരിക്കാം. ലോക്കര്‍ ഉടമകള്‍ മരണപ്പെട്ടാല്‍ നോമിനി അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍ സമര്‍പ്പിക്കുന്ന ക്ലെയിമിന്റെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ നിക്ഷേപം കൈമാറിയിരിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
ലോക്കറുകള്‍ അനുവദിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും സുതാര്യത ഉറപ്പുവരുത്തുകയാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ 2022 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

