ന്യൂഡല്‍ഹി: ട്രാഫിക് നിയമ ലംഘനത്തിന് പതിനഞ്ച് ദിവസത്തിനകം നോട്ടീസ് നല്‍കണമെന്ന് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് ഇലക്ട്രോണിക് തെളിവുകള്‍ ബന്ധപ്പെട്ടവര്‍ കേസ് തീരുന്നതുവരെ സൂക്ഷിക്കണമെന്നും കേന്ദ്ര വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് നോട്ടീസ് നല്കാന് ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണമെന്നും, ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മാത്രമല്ല, ഗതാഗത നിരീക്ഷണത്തിനും റോഡ് സുരക്ഷ ഉറപ്പാക്കാനും സ്പീഡ് ക്യാമറ അടക്കം അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും, അപകട സാധ്യത കൂടുതലുള്ള മേഖലകളില്‍ ഇലക്ട്രോണിക് നിരീക്ഷണം ശക്തമാണെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

