തൃശൂർ: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് പുലി. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. തൃശൂരിലാണ് സംഭവം. അയന്തോൾ പുലിക്കളി സംഘത്തിലെ ജെയ്‌സണാണ് പുലിവേഷത്തിലെത്തി വാക്‌സിൻ സ്വീകരിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങളും പൂരം, ഉത്സവം എന്നിവയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത നൂറ്റിയൻപതോളം പേർക്കായി സരോജ മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ കോവിഡ് വാക്‌സിൻ ക്യാംപിൽ എത്തിയാണ് അദ്ദേഹം വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തത്.
കണ്ടു നിന്നവർക്കെല്ലാം ഒരു കൗതുക കാഴ്ച്ച തന്നെയായിരുന്നു അത്. പൂരപ്രേമി സംഘവും ടി.സി.കുഞ്ഞിയമ്മ ട്രസ്റ്റും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്.
ട്രസ്റ്റിമാരായ അച്യുതൻ കുട്ടി, അഡ്വ.നാരായണൻകുട്ടി എന്നിവർ ചേർന്ന് ചടങ്ങിൽ ഭദ്രദീപം തെളിച്ചു. ആനക്കാർ, ആനപ്പുറക്കാർ, വാദ്യകലാകാരന്മാർ, ക്ഷേത്ര ജീവനക്കാർ, ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർ, പന്തം പിടിക്കുന്നവർ, കൂത്ത്കൂടിയാട്ടം കലാകാരൻമാർ, പുലിക്കളിക്കാർ തുടങ്ങി നിരവധി പേർ ക്യാംപിലെത്തിയ വാക്‌സിൻ സ്വീകരിച്ചു. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട്, കൺവീനർ വിനോദ് കണ്ടെംകാവിൽ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

