താലിബാനെതിരെ ആയുധമേന്തി ധീര പോരാട്ടം നടത്തിയ വനിതാ ഗവര്‍ണര്‍ സലീമ മസാരിയും പിടിയില്‍ !

കാബൂള്‍: അഫ്ഗാനില്‍ താലിബാനെതിരെ ധീര പോരാട്ടം നടത്തിയ വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെയും താലിബാന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. തീവ്രവാദികളെ ചെറുക്കാന്‍ ആയുധമേന്തിയ ധീരവനിത എന്നായിരുന്നു ലോകമെമ്പാടും സലീമയെ വാഴ്ത്തുന്നത്.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ നിരവധി അഫ്ഗാന്‍ നേതാക്കള്‍ രാജ്യമുപേക്ഷിച്ച് പലായനം ചെയ്തിരുന്നുവെങ്കിലും ബല്‍ഖ് പ്രവശ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സലീമ മസാരി. അഫ്ഗാനിസ്താന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് സലീമയും പിടിയിലായിരിക്കുന്നത്. അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ.

മറ്റു പല പ്രവിശ്യകളും വലിയ എതിര്‍പ്പ് കൂടാതെ താലിബാനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ സലീമയുടെ നേതൃത്വത്തില്‍ ബല്‍ക്ക് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല ശക്തമായ ഏറ്റുമുട്ടല്‍ നടത്തി. അവസാനഘട്ടം വരെ താലിബാനു കീഴടങ്ങാതെനിന്ന സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഏകമേഖലയായിരുന്നു ചഹര്‍ കിന്റ്. രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് സലീമ.

നേരത്തെ, അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നറിയിച്ച് അവര്‍ രംഗത്തെത്തിയിരുന്നു.