കൊച്ചി : മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. മൂന്ന് വർഷത്തേക്കാണ് നിയമനം.
സംസ്ഥാനത്ത് ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡിയാകുന്നത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്നിരക്ഷാ സേനാ വിഭാഗം മേധാവി തുടങ്ങിയ തസ്തികകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻഐഎയിൽ അഞ്ചുവർഷവും സിബിഐയിൽ 11 വർഷവും അദ്ദേഹം പ്രവർത്തിച്ചു.

