തിരുവനന്തപുരം: ഒരു വലിയ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പായി തീരുമാനം ഉണ്ടാകുമെന്നും, സംസ്ഥാന സമിതിയാകും വിഷയത്തില്‍ തീരുമാനം സ്വീകരിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും, മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെയും തുടര്‍ന്നായിരുന്നു കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി കസേര ഒഴിഞ്ഞത്. 2020 നവംബറില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറി നിന്നതോടെ എ വിജയരാഘവനാണ് ആക്ടിങ് സെക്രട്ടറിയായി തുടരുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനും, ഫെബ്രുവരിയില്‍ തീരുമാനിച്ചിരിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായി കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടു വരാനാണ് പാര്‍ട്ടിയുടെ പദ്ധതി.
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ നടക്കും. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയിലാകും നടക്കുക.

