വനിതാ കമ്മീഷന്‍ തലപ്പത്തേക്ക് പി സതീദേവി ? ഗവര്‍ണറുടെ അനുമതിക്ക് ശേഷം നിയമനം

തിരുവനന്തപുരം: സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി സതീദേവിയെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സതീദേവിയെ നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുവരെ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അനൗദ്യോഗികമായി സതീദേവിയെ പാര്‍ട്ടി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ പുതിയ ആളെ പ്രഖ്യാപിക്കൂ എന്നാണ് വിവരം.

വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് എം സി ജോസഫൈന്‍ രാജിവച്ചതോടെ രണ്ടുമാസമായി വനിതാ കമ്മിഷന് അദ്ധ്യക്ഷയില്ലാത്ത അവസ്ഥയിലാണ്.