കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ആരോഗ്യ രംഗത്ത് സംസ്ഥാനത്ത് ഇപ്പോഴുള്ളത് കേരള മോഡലല്ല പതനത്തിന്റെ മോഡല്‍ ആണെന്നായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്. കോഴിക്കോട് മാരാര്‍ജി ഭവന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു നദ്ദ പിണറായി സര്‍ക്കാരിനെ കടന്നാക്രമിച്ചത്.
രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണെന്നും, പ്രധാനമന്ത്രി എല്ലാ സഹായങ്ങളും നല്‍കിയിട്ടും കേരളത്തില്‍ വേണ്ടത്ര വികസനങ്ങള്‍ നടക്കുന്നില്ല, കേന്ദ്ര പദ്ധതികള്‍ വേണ്ട രീതിയില്‍ സംസ്ഥാനം നടപ്പിലാക്കുന്നില്ല, തികച്ചും നിഷേധാത്മകമായ സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്നും നദ്ദ ചൂണ്ടിക്കാട്ടി.
മാത്രമല്ല, ഐസിസ് റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറിയെന്നും, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ല. പോലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടുവെന്നത് തികച്ചും ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, കേരളത്തില്‍ കോവിഡ് വാക്സിനേഷന്‍ വിജയിപ്പിക്കണമെന്ന് ബിജെപി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്സിന്‍ നല്‍കുന്നതില്‍ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നദ്ദ വ്യക്തമാക്കി.

