കേന്ദ്ര പദ്ധതിയിലൂടെ ഉള്‍ക്കാട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍; ആദിവാസി കോളനി വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ വൈഫൈയും, പഠിക്കാന്‍ ടാബും !

മലപ്പുറം: ചാലിയാറിലെ ആദിവാസി കോളനികളിലെ കുട്ടികള്‍ക്ക് പഠനസഹായത്തിനായി കേന്ദ്ര പദ്ധതിയിലൂടെ സൗജന്യ വൈഫൈ കണക്ഷന്‍. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് പട്ടികവര്‍ഗ്ഗ കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കാത്ത അവസ്ഥ മുന്നില്‍ക്കണ്ടാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, മലപ്പുറം നബാര്‍ഡിന്റെ സഹായത്തോടെ ദീര്‍ഘദൂര വൈഫൈ പ്രൊജക്ട് ആരംഭിച്ചത്.

ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ വെറ്റിലക്കൊല്ലി, അമ്പുമല , പാലക്കയം എന്നീ കോളനികളിലെ 145 ഓളംവിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിഗുണംചെയ്യുന്നത്. മൂന്ന് പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സമയവും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവശ്യമായ പഠനകേന്ദ്രവും തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം പഠനത്തിനാവശ്യമായ ടാബുകളും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.

സംസ്ഥാനത്ത് ഇങ്ങനെയൊരു പദ്ധതി ആദ്യമായാണ് നടപ്പിലാക്കുന്നത്. ജെഎസ്എസ്സിന്റെ സാങ്കേതിക പങ്കാളിയായ സി 4 സോഷ്യല്‍ കോമ്പിറ്റിങ് ആണ് പദ്ധതിക്ക് പിന്നിലെ സാങ്കേതിക പ്രവര്‍ത്തകര്‍. മറ്റുകോളനികളിലേക്കു കൂടി ഇത് വ്യാപിപ്പിക്കാന്‍ ജെഎസ്എസ്, ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പദ്ധതിയൊരുക്കുന്നുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം നാളെ ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ പാലക്കയം കോളനിയില്‍ വെച്ച് ജെഎസ്എസ് ചെയര്‍മാന്‍ പി.വി. അബ്ദുള്‍വഹാബ്എംപി നിര്‍വ്വഹിക്കും.