കൊടുംഭീകരരെയടക്കം ആയിരക്കണക്കിന് തടവുകാരെ മോചിപ്പിച്ച് താലിബാന്‍ ! തീവ്രവാദ ഭരണം അഫ്ഗാനെ കുട്ടിച്ചോറാക്കും

കാബൂള്‍: അഫ്ഗാന്‍ ഭരണം തീവ്രവാദ സംഘടനയായ താലിബാന് മുന്നില്‍ അടിയറവ് വയ്ക്കുമ്പോള്‍ ലോകത്തിനാകെ ഭീതിജനമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാബൂളിലെ പ്രാന്ത പ്രദേശത്തുള്ള ജയിലുകളില്‍ നിന്നും 5000 തടവകാരെയാണ് താലിബാന്‍ തുറന്നുവിട്ടിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ ഭീകരര്‍ അടങ്ങുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജയിലില്‍ നിന്നും ആയിരക്കണക്കിന് പേര്‍ പുറത്തുവരുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ജയില്‍ പിടിച്ചെടുത്താണ് താലിബാന്‍ തടവുകാരെ മോചിപ്പിച്ചത്. യുഎസ് സൈന്യത്തിനായിരുന്നു ജയിലിന്റെ ചുമതല. അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറിയതോടെ ജയിലിന്റെ നിയന്ത്രണം ജൂലൈ ഒന്നിന് അഫ്ഗാന്‍ ഗവണ്‍മെന്റിന്കൈമാറിയിരുന്നു.

അതേസമയം, കാബൂളില്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തി. ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനവും നടത്തി. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.