ഐഎന്‍എസ് വിക്രാന്തിന്റെ പിറവി കേന്ദ്രത്തിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കരുത്തില്‍; 30 പോര്‍വിമാനങ്ങള്‍ വരെ വഹിക്കും !

കൊച്ചി: ഇന്ത്യയ്ക്ക് അഭിമാനമായി ഐഎന്‍എസ് വിക്രാന്തിന്റെ കരുത്ത് ലോകത്തിനു മുന്നില്‍ തുറന്നുവയ്ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വിജയം കൂടിയാണ് രാജ്യത്തിന് ആഘോഷിക്കാനാവുക.

കപ്പലിന്റെ രൂപകല്‍പ്പന മുതല്‍ നിര്‍മ്മാണത്തിന്റെ 75 ശതമാനവും തദ്ദേശീയമായി തന്നെയാണ് നിര്‍മ്മിച്ചത്. വിമാന വാഹിനിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ തുകയുടെ 75 ശതമാനവും ഇന്ത്യയില്‍ ചെലവഴിക്കാന്‍ സാധിച്ചത് ആത്മനിര്‍ഭര്‍ ഭാരതിന്റെ വിജയമായിരിക്കുകയാണ്. കപ്പല്‍ നിര്‍മ്മാണത്തിനുള്ള ഉരുക്ക് ആദ്യം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട്, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഏറ്റവും ഗുണനിലവാരമുള്ള ഉരുക്ക് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുകയായിരുന്നു.

കൊച്ചിന്‍ കപ്പല്‍ശാലയില്‍ വിമാന വാഹിനികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയ പരിചയവും, ആത്മനിര്‍ഭര്‍ ഭാരതിന്റെ കരുത്തും ഒത്ത് ചേര്‍ന്നതോടെയാണ് ഐഎന്‍എസ് വിക്രാന്ത് ജനിച്ചതെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. ഇതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും.

ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. 2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലിന് 262 മീറ്റര്‍ നീളമുണ്ട്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ വിക്രാന്തിനാകും.

1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐഎന്‍എസ് വിക്രാന്തിന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എല്‍സിഎ എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐഎസി-1നുണ്ടാകും. രണ്ട് റണ്‍വേകളും എസ്ടിഒബിഎആര്‍ സംവിധാനവും കപ്പലിലുണ്ടാകും.

പോര്‍വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ മേല്‍ഭാഗം തയ്യാറാക്കിയിരിക്കുന്നത്. സൂപ്പര്‍ സ്ട്രക്ചറിന്റെ കൂടി കണക്കാക്കുമ്പോള്‍ കപ്പലിന് 59 മീറ്റര്‍ ഉയരവുമുണ്ട്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം അടക്കം കപ്പലിനകത്ത് ആകെ 14 ഡെക്കുകളാണുള്ളത്.

ഒരു സമയം 1700 ഓളം വരുന്ന ക്രൂവരെ ഉണ്ടാകുമെന്നത് കണക്കാക്കിയാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം എന്നിവയ്ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവല്‍കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’, നാവിക സേനയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭം എന്നിവയുടെ ഉത്തമ ഉദാഹരണമാണു വിക്രാന്ത്.