75 വന്ദേഭാരത് ട്രെയിനുകൾ; സ്വാതന്ത്ര്യ ദിനത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ പുതിയ വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 വന്ദേഭാരത് ട്രെയിൻ സർവ്വീസുകളെ കുറിച്ചാണ് അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ എല്ലാ മേഖലയേയും ബന്ധിപ്പിക്കുന്നതാകും ഈ ട്രെയിനുകളെന്ന് അദ്ദേഹം അറിയിച്ചു. ചെറുവിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ഉഡാൻ വിമാന സർവീസ് തുടങ്ങിയ മാതൃകയിലാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസാദി കാ അമൃത് മഹോത്സവം എന്ന പേരിൽ നടക്കുന്ന 75-ാം വർഷികാഘോഷഭാഗമായാണ് വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചത്. മുഴുവൻ സർവ്വീസുകളും ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വന്ദേഭാരത് ട്രെയിനുകളുടെ നിലവിലുള്ള രൂപകൽപ്പനയിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിനുകളുടെ നിർമ്മാണം. അടുത്ത വർഷം ജൂണിൽ ട്രെയിനുകളുടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.

നിരവധി സവിശേഷതകൾ ട്രെയിനുകൾക്ക് ഉണ്ടാകും. ഓട്ടോ മാറ്റിക് ഡോറുകൾ, യുറോപ്യൻ സീറ്റുകൾ, അതത് സീറ്റുകളിലെ ലൈറ്റുകൾ ഓരോ യാത്രക്കാരനും സജ്ജീകരിക്കാനുള്ള സംവിധാനം തുടങ്ങിയാണ് പ്രധാന പ്രത്യേകതകൾ. ബാക്റ്റീരിയ രഹിത എയർകണ്ടീഷൻ സംവിധാനം, പുഷ് ബാക്ക് സംവിധാനമുള്ള സീറ്റുകൾ, കേന്ദ്രീകൃത കോച്ച് മോണിറ്ററിംങ് സംവിധാനം, മറ്റ് ലൈറ്റുകൾ ഓഫായാൽ പ്രവർത്തിക്കുന്ന നാല് ഡിസാസ്റ്റർ ലൈറ്റുകൾ, വൈദ്യുതി മുടങ്ങിയാൽ വെന്റിലേഷൻ സംവിധാനം, നാല് എമർജൻസി പുഷ് ബട്ടണുകൾ, നാല് എമർജൻസി വിൻഡോകൾ, മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കാൻ പ്രളയ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ടാകും.