ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പടയൊരുക്കാന്‍ ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാനൊരുങ്ങി സിപിഎം. ബിജെപിക്ക് എതിരായ പോരാട്ടത്തിന് എല്ലാ മതേതര ശക്തികളുമായും കൈകോര്‍ക്കാന്‍ സിപിഎം തയ്യാറാണ്. കേരളത്തില്‍, കോണ്‍ഗ്രസിന് എതിരെയാണ് സിപിഎം മത്സരിക്കുന്നതെങ്കിലും ദേശീയതലത്തില്‍ ബിജെപിക്കെതിരെ ഒന്നിച്ചുപ്രവര്‍ത്തിച്ചുവരികയാണ്. ഇതേ രാഷ്ടീയ ലൈനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാര്യത്തിലും സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പെഗസ്സസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ, പാര്‍ട്ടി ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്നും, ഈ പ്രക്ഷോഭത്തില്‍ മതേതര പ്രതിപക്ഷ ശക്തികള്‍ എല്ലാം ഒന്നിക്കും. മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഓഗസ്റ്റ് 20 ന് ഒരു വെര്‍ച്വല്‍ യോഗം ചേരുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് 14 പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായാണ് പ്രസ്താവനകള്‍ ഇറക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ എല്ലാ മതേതര പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി.
എന്നാല്‍, ദേശീയ തലത്തില്‍ സഹകരിക്കുമെങ്കിലും, പശ്ചിമ ബംഗാള്‍, തൃപുര എന്നീ സംസ്ഥാനങ്ങളില്‍ തൃണമൂലുമായി സഹകരണം ഉണ്ടാകില്ലെന്നും യെച്ചൂരി അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന്, സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിലും പങ്കെടുക്കുമെന്നും യെച്ചൂരി അറിയിച്ചു.
ബംഗാളിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ നേരിട്ടുകൊണ്ട് അധികാരത്തില്‍ എത്തിയ മമത ബാനര്‍ജിയുമായി ബിജെപിയുടെ വളര്‍ച്ചയെ നേരിടാന്‍ ഒന്നിയ്ക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് സിപിഎം.
കഴിഞ്ഞ ലോക്സഭാ ഉള്‍പ്പെടെയുള്ള കാലഘട്ടങ്ങളില്‍ സിപിഎം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി ദേശീയ തലത്തില്‍ സഹകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു സഹകരണവും ഉണ്ടാകില്ല എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നത്.

