എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തി; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ചരിത്ര പാരമ്പര്യം തിരുത്തിയെഴുതി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തലില്‍ ആഘോഷം അവസാനിക്കില്ലെന്നും, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

മാത്രമല്ല, 1947 ഓഗസ്റ്റ് 15-ന് സംസ്ഥാന ഓഫീസിന് മുന്‍പില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കൃഷ്ണപിള്ള ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ടെന്നും, സ്വാതന്ത്ര്യത്തിനായി ഇടതുപക്ഷം ത്യാഗപൂര്‍ണമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമര്‍ശിച്ച കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് കടുത്ത ഭാഷയില്‍ വിജയരാഘവന്‍ മറുപടിയും നല്‍കി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. സ്വാതന്ത്ര്യത്തെ കുറിച്ച് അവരുടെ സമീപനമല്ല കമ്മ്യൂണിസ്റ്റുകാരുടേതെന്നും, കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും ദേശീയ സ്വാതന്ത്യത്തില്‍ അഭിമാനം കൊണ്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പാര്‍ട്ടി തീരുമാനമായത്.