ടി പി ആര്‍ കുറഞ്ഞാല്‍ ഉടന്‍ തിയേറ്ററുകള്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ ഉടന്‍ തിയേറ്ററുകള്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തിയറ്ററുകള്‍ ഉള്‍പ്പെടെ എല്ലാരംഗവും തുറക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെങ്കിലും ജനങ്ങളുടെ ജീവിത സുരക്ഷ കണക്കിലെടുത്താണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളെന്ന് സജി ചെറിയാന്‍ പറഞ്ഞു.

എന്നാല്‍, ഓണത്തോടനുബന്ധിച്ച് തിയേറ്ററുകള്‍ തുറന്നേക്കില്ലെന്നും, ടി.പി.ആര്‍ കുറയാതെ തിയേറ്റര്‍ തുറന്നാല്‍ അത് വലിയ അപകടമാകും, എന്തെങ്കിലും ഭേദഗതി വരുത്താന്‍ കഴിയുമോയെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാവില്ല, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ റിലീസ് കാത്തിരുന്ന ചിത്രങ്ങളൊക്കെയും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണിപ്പോള്‍.