കേരളം വാക്‌സിന്‍ വാങ്ങിയത് 29 കോടിക്ക്, വാക്‌സിന്‍ ചലഞ്ചിലൂടെ 817 കോടി നേടിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ കെ.ജെ മാക്‌സി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാര്‍ വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ വാങ്ങിയത് 29.29 കോടി രൂപ ചെലവഴിച്ചാണ്. എന്നാല്‍, ജൂലൈ 30 വരെയുള്ള വിവരങ്ങള്‍ പ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

നടപ്പ് സാമ്പത്തിക വര്‍ഷം കോവിഡ് പ്രതിരോധ സാമഗ്രികള്‍ സംഭരിക്കാന്‍ 324 കോടിരൂപ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് പിപിഇ കിറ്റുകള്‍, കോവിഡ് ടെസ്റ്റ് കിറ്റുകള്‍, വാക്‌സിന്‍ എന്നിവ സംഭരിക്കുന്നതിനാല്‍ 318.2747 കോടി രൂപ വിനിയോഗിച്ചു.

ഇതില്‍ 29,29,97,250 കോടി രൂപയാണ് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ സംഭരിക്കുന്നതിനായി വിനിയോഗിച്ചത്. ആകെ 13,42,540 ഡോസ് വാക്‌സാണ് സര്‍ക്കാര്‍ നേരിട്ട് സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസ് വാക്‌സിന്റെ വില മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.