തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അതൃപ്തി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതൃത്വത്തിനോട് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡിസിസി അദ്ധ്യക്ഷൻമാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതിൽ കൂടിയാലോചനകൾ നടത്തിയില്ലെന്നാണ് ഇരുവരും നേതൃത്വത്തോട് പരാതിപ്പെട്ടത്. ചർച്ചകളിൽ നിന്ന് മാറ്റിനിർത്തി അപമാനിച്ചെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച പരാതി മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഡിസിസി അദ്ധ്യക്ഷൻമാരുടെ ചുരുക്കപ്പെട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിന് ഡൽഹിയിൽ നടന്ന യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. ഡൽഹിയിലും കേരളത്തിലും ഏതാനും ആഴ്ചകളായി നടന്ന ചർച്ചയുടെ ഒരു ഘട്ടത്തിൽപ്പോലും എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നാണ് ഉയരുന്ന ആരോപണം. ഡിസിസി അദ്ധ്യക്ഷൻമാരുടെ സാധ്യതാ പട്ടിക നൽകുമ്പോൾ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും താരിഖ് അൻവറിനെ പരാതി അറിയിച്ചു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ചർച്ചകൾക്കായി വിളിച്ച കെ. സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറിയും റിപ്പോർട്ടുകളുണ്ട്.
അതേസമയം പുനഃസംഘടനാ ചർച്ചകളെ വിമർശിച്ച പി.എസ് പ്രശാന്തിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. പി.എസ് പ്രശാന്ത് യുഡിഎഫിനും കോൺഗ്രസിനും എതിരായി നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയാണെന്നും അദ്ദേഹം വിശദമാക്കി.

