തിരുവനന്തപുരം: രാജ്യസഭയില്‍ കേരളത്തിലെ ഇടത് എംപിമാര്‍ കാട്ടിക്കൂട്ടിയത് ‘ശിവന്‍കുട്ടി സ്‌കൂളില്‍’നിന്നു പഠിച്ച അഭ്യാസങ്ങളാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാജ്യസഭയുടെ പാരമ്പര്യത്തെ അപമാനിച്ചു, അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രാജ്യസഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വി മുരളീധരന്‍ അറിയിച്ചു.
കേരളത്തിലെ 2 പ്രതിനിധികള്‍ സഭയില്‍ മേശയ്ക്കു മുകളില്‍ കയറിയിരുന്നു, സിപിഎം നിയമസഭയില്‍ കാണിച്ച ഗുണ്ടായിസം രാജ്യസഭയിലും കാണിക്കാന്‍ ശ്രമിച്ചുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയ്‌ക്കെതിരായ ഡോളര്‍ കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പോലും അവതരിപ്പിക്കാന്‍ നിയമസഭയില്‍ അനുമതി നല്‍കാത്തവരാണ് ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങുന്നത്, രാജ്യസഭയില്‍ അഴിഞ്ഞാടി ലോകത്തിന് മുമ്പില്‍ മലയാളികളെ നാണം കെടുത്തിയെന്നും മുരളിധരന്‍ പറഞ്ഞു.
മാത്രമല്ല, രാജ്യസഭയിലെ അതിക്രമങ്ങള്‍ തടയാന്‍ ശ്രമിച്ച മാര്‍ഷല്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുനിന്നുള്ള മല്ലന്‍മാരെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. അവരില്‍ ആരെങ്കിലുമൊരാള്‍ പാര്‍ലമെന്ററി സുരക്ഷാ സര്‍വീസില്‍ ഉള്ളവരല്ലെന്ന് തെളിയിക്കാന്‍ ഇക്കൂട്ടര്‍ക്കായാല്‍ അവര്‍ പറയുന്ന എന്തു പണിയും ചെയ്യാം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയാന്‍ അവര്‍ തയ്യാറാകുമോയെന്നും മുരളീധരന്‍ ആരാഞ്ഞു.
പെഗാസസ് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള ഇടതു-കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

