ന്യൂഡൽഹി: ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സദുദ്ദേശത്തോടെയല്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഭജനം ദൗർഭാഗ്യകരം തന്നെയെന്നും ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറയുമ്പോഴും പഴയ മുറിവുകൾ ഓർമ്മപ്പെടുത്തുന്നത് സദുദ്ദേശത്തോടെയല്ല. ആ വേദന വീണ്ടും ഓർമ്മിപ്പിക്കുന്നത് വിദ്വേഷം പരത്തുമെന്ന് എ കെ ആന്റണി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. 1947 ൽ ഇന്ത്യയെ വിഭജിച്ചപ്പോൾ മനസ്സാക്ഷിയില്ലാത്ത വിദ്വേഷവും അക്രമവും മൂലം ജീവൻ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

