കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവിൽ വന്നാൽ കേരളത്തിന് വലിയ തിരിച്ചടിയുണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവിൽ വന്നാൽ കേരളത്തിന് വലിയ തിരിച്ചടിയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒന്നുകിൽ കേരളം വൈദ്യുതി നിരക്ക് ഉയർത്തേണ്ടിവരുമെന്നും അല്ലെങ്കിൽ കനത്ത നഷ്ടം സഹിച്ച് കെഎസ്ഇബിയെ നിലനിർത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി പ്രസരണ മേഖല സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്താൽ, സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുന്ന കേന്ദ്ര സർക്കാരിന്റെ നീക്കം ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണെന്നും ഭരണ പ്രതിപക്ഷ ഭേദമെന്യെ കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.